English| മലയാളം

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തിയതി/വര്‍ഷം  1866

 

പ്രാക് ചരിത്രം
കോലത്തിരി, കോട്ടയം കടത്തനാട് എന്നീ രാജാക്കന്‍മാരുടെ സംഗമസ്ഥാനമായിരുന്നു ഈ പ്രദേശം. മലബാറിലെ ആദ്യത്തെ ബ്രിട്ടീഷ് ആധിപത്യ സ്ഥലമാണ് തലശ്ശേരി. മലബാറിലെ പ്രമുഖ തുറമുഖ നഗരങ്ങളിലൊന്നായിരുന്നു തലശ്ശേരി. കിഴക്കന്‍ മലയോരങ്ങളില്‍ സമൃദ്ധമായിരുന്ന സുഗന്ധ വ്യജ്ഞനങ്ങളുടെ സംഭരണവും കയറ്റുമതിയും ലക്ഷ്യം വച്ച് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഈ പ്രദേശത്ത് 1683 ല്‍ ഒരു പാണ്ടികശാല സ്ഥാപിച്ചു. പഴശ്ശി വീര കേരള വര്‍മ്മയും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന യുദ്ധങ്ങളുടേയും സന്ധി സംഭാഷണങ്ങളുടേയും സിരാകേന്ദ്രം തലശ്ശേരിയായിരുന്നു.

 

സ്ഥലനാമോല്‍പത്തി
നിരവധി ചേരികളുടെ തലസ്ഥാനമായതുകൊണ്ട് ഈ പ്രദേശം തലച്ചേരി എന്നും പിന്നീട് തലശ്ശേരിയായി എന്നുമാണ് പറയപ്പെടുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കേന്ദ്ര സ്ഥാനം എന്നര്‍ത്ഥത്തില്‍ തലക്കച്ചേരി കാലാന്തരത്തില്‍ തലശ്ശേരിയായി എന്നും ഇവ രണ്ടുമല്ല, തളിയില്‍ ച്ചേരിയാണ് (ബ്രാഹ്മണര്‍ താമസിച്ചിരുന്ന പ്രദേശം തളി എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് ധാരാളം ബ്രഹ്മണര്‍ ഇവിടെ താമസിച്ചിരുന്നു) പിന്നീട് തലശ്ശേരിയായതെന്നും പറയപ്പെടുന്നു.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
1934-ല്‍ ഗാന്ധിജി തലശ്ശേരി സന്ദര്‍ശിച്ചിരുന്നു. എല്‍.എസ്.പ്രഭു, കമലാ പ്രഭു, സി.കെ. ഗോവിന്ദന്‍ നായര്‍, കിനാത്തി നാരായണന്‍, ഡോ. ടി.വി.എന്‍ നായര്‍, അഡ്വ.പി.കുഞ്ഞിരാമന്‍, മൊയ്യാരത്ത് ശങ്കരന്‍, സര്‍ദാര്‍ ചന്ദ്രോത്ത് കുഞ്ഞിരാമന്‍ നായര്‍, മുകുന്ദ മല്ലര്‍, എന്‍.പി.ദാമോദരന്‍, കെ.പി.രാഘവന്‍ നായര്‍, നെട്ടൂര്‍ പി.ദാമോദരന്‍ എന്നിവര്‍ ഈ പ്രദേശത്തെ പ്രധാന സ്വാതന്ത്ര്യസമര സേനാനികളായിരുന്നു.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍
മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യ സമാചാരം തലശ്ശേരിയിലാണ് പ്രസിദ്ധീകരിച്ചത്. ഇന്ദുലേഖയുടെ കര്‍ത്താവായ ഒ.ചന്തുമേനോന്‍, ഹാസ്യ സാമ്രാട്ടായ സഞ്ജയന്‍, ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, വ്യാകരണ മിത്രം എഴുതിയ ശേഷഗിരി പ്രഭു തുടങ്ങിയ അനേകം സാഹിത്യ നായകന്‍മാരുടെ കര്‍മ്മ ഭൂമിയായിരുന്നു തലശ്ശേരി. 1933 ല്‍ സി.വി.ബാലന്‍ നായര്‍ സ്ഥാപിച്ച കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമായ കേരള സ്കൂള്‍ ഓഫ് ആര്‍ട്സ്, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സ്ഥാപിച്ച ഭാരതീയ നാട്യ കലാലയം, ബാലന്‍ മാസ്റ്റര്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്, പപ്പു വൈദ്യര്‍ സ്ഥാപിച്ച തിരുമുളം സംഗീതസഭ എന്നീ പ്രധാന സ്ഥാപനങ്ങള്‍ ഈ നഗരസഭയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കെ മലബാറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായ ബി.ജി.എം.സ്കൂള്‍ ബാസല്‍ ജര്‍മ്മന്‍ മിഷന്‍ 1856-ല്‍ തലശ്ശേരിയില്‍ സ്ഥാപിച്ചു.

 

വാണിജ്യ-ഗതാഗത പ്രാധാന്യം
കേരളത്തിലെ ആദ്യത്തെ ബേക്കറി വ്യവസായ സ്ഥാപനമായ മമ്പള്ളി ബേക്കറി 1880 ല്‍ തലശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ വോള്‍ക്കാട്ട് ബ്രദേഴ്സ് എന്ന യൂറോപ്യന്‍ കമ്പനി ഇന്ന് കണ്‍സോളിഡേറ്റഡ് കോഫി എന്ന വ്യവസായ സ്ഥാപനമായാണ് അറിയപ്പെടുന്നത്. നാഷണല്‍ ഹൈവേയും, റയില്‍വേപാതയും (മദ്രാസ് മംഗലാപുരം ലെയിന്‍) നഗരസഭയില്‍ കൂടി കടന്നു പോകുന്നുണ്ട്.

 

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
1865 ലെ പത്താം ആക്ടനുസരിച്ച് 1866 നവംബര്‍ 1 ന് രൂപീകൃതമായ ആദ്യ നഗരസഭകളില്‍ ഒന്നാണ് തലശ്ശേരി. 1880 ലും 1941 ലും 1961 ലും ഈ നഗരസഭയുടെ അതിരുകള്‍ വിപുലപ്പെടുത്തി. 1990 കൊടിയേരി പഞ്ചായത്തിനെ നഗരസഭയോട് ചേര്‍ത്തെങ്കിലും 1993-ല്‍ ഈ പഞ്ചായത്തിനെ നഗരസഭയില്‍ നിന്നും വേര്‍പെടുത്തി.